കരയിലും വെള്ളത്തിലും നടത്തുന്ന കൃഷിരീതികളെ സംയോജിപ്പിച്ചു രണ്ടിനും ഗുണമാകുന്ന രീതിയിൽ നടത്തുന്ന ഒരു സംയോജിത കൃഷിരീതിയാണ് അക്വാപോണിക്സ്. വിദേശരാജ്യങ്ങളില്‍ വന്‍പ്രചാരമുള്ള അക്വാപോണിക്‌സ് ജലകൃഷി കേരളത്തിലും വ്യാപിപ്പിക്കാന്‍ സമുദ്രോത്പന്നകയറ്റുമതി വികസന അതോറിട്ടിയുടെ നേതൃത്വത്തില്‍ പദ്ധതി തുടങ്ങി. അര സെന്റ് സ്ഥലത്തും വിജയകരമായി ചെയ്യാവുന്ന നൂതനകൃഷിരീതിക്ക് പ്രചാരം നല്‍കാനുള്ള ശ്രമത്തിലാണ് ജലകൃഷി പ്രാദേശിക കേന്ദ്രം.

 

മണ്ണും കീടനാശിനിയും രാസവളവുമില്ലാതെയാണ് കൃഷി. ടാങ്കില്‍ മീനുകളും അതിനു മുകളിലോ അരികിലോ പച്ചക്കറിയും അലങ്കാരസസ്യങ്ങളും എന്ന രീതിയിലാണ് കൃഷി. കിഴങ്ങുവര്‍ഗങ്ങളൊഴികെ മറ്റു പച്ചക്കറികളെല്ലാം ഈ രീതിയില്‍ കൃഷി ചെയ്യാം. ടാങ്കിനു മുകളിലോ അരികില്‍ പ്രത്യേക റാക്കുകള്‍ സ്ഥാപിച്ചോ പച്ചക്കറി കൃഷിചെയ്യാം. സിമന്റ് ടാങ്കിലും പ്ലാസ്റ്റിക് ടാങ്കിലുമെല്ലാം ഈ രീതിയില്‍ കൃഷിചെയ്യാം. കൃഷിയോട് താത്പര്യമുള്ള സ്വന്തമായി അധികം സ്ഥലമില്ലാത്തവര്‍ക്കും ഉപജീവനത്തിന് വഴി കണ്ടെത്താനാവും.

 

അക്വാപോണിക്സ് ജലകൃഷിയുടെയും ഹൈഡ്രോപോണിക്സിന്റെയും നല്ലവശങ്ങള്‍ സംയോജിപ്പിച്ച് രൂപം കൊടുത്ത പൂര്‍ണ്ണമായും ജൈവികമായ എക്കാലവും നിലനില്‍ക്കുന്ന നൂതന ഉല്പാദന മാര്‍ഗ്ഗമാണ്. അക്വാപോണിക്സിലൂടെ മത്സ്യങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, അലങ്കാരസസ്യങ്ങള്‍ എന്നിവ വന്‍തോതില്‍ വളര്‍ത്തിയെടുക്കുവാന്‍ സാധിക്കും. ഈ മാര്‍ഗ്ഗം വീടിന് പുറത്തും മട്ടുപ്പാവിലും അവലംബിക്കാവുന്നതാണ്. പരമ്പരാഗതമായ മണ്ണ് നിറച്ച കൃഷിയിടങ്ങളില്‍ ആവശ്യമുള്ള ജലത്തിന്റെ പത്തിലൊന്നു ജലം മാത്രമേ ഇവിടെ ആവശ്യം വരുന്നുള്ളൂ.

 

അക്വാപോണിക്സ് കൃഷിരീതിയില്‍ കൃഷിയിടങ്ങളിലേക്കുള്ള ജലം മത്സ്യക്കുളങ്ങളില്‍ നിന്നും വളര്‍ച്ചാമാധ്യമത്താല്‍ നിറയ്ക്കപ്പെട്ട ഗ്രോബെഡ്ഡിലേക്ക് പമ്പ് ചെയ്യുന്നു. ഈ വളര്‍ച്ചാ മാധ്യമം ഉപകാരികളായ ബാക്ടീരിയകള്‍, കമ്പോസ്റ്റിംഗില്‍ ഉപയോഗിക്കുന്ന മണ്ണിരകള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. ഈ ബാക്ടീരിയകള്‍ മത്സ്യത്തിന്റെ അവശിഷ്ടത്തിലെ അമോണിയയെ ആദ്യം നൈട്രെെറ്റായും പിന്നീട് നൈട്രേറ്റായും വിഘടിപ്പിക്കുന്നു. മണ്ണിരകള്‍ ഖരമാലിന്യത്തെ വെര്‍മികമ്പോസ്റ്റാക്കി മാറ്റുന്നു. അങ്ങനെ മത്സ്യങ്ങളുടെ അവശിഷ്ടം സസ്യങ്ങള്‍ക്കുവേണ്ട ഒരു നല്ല ഭക്ഷണമായി മാറുന്നു. ഈ സസ്യങ്ങള്‍ ജലത്തിലടങ്ങിയ വിഘടിപ്പിച്ച മത്സ്യഅവശിഷ്ടങ്ങള്‍ ആഗിരണം ചെയ്ത് ജലം ശുദ്ധീകരിച്ച് മത്സ്യങ്ങള്‍ക്ക് വളര്‍ച്ചയ്ക്കുതകുന്ന ആരോഗ്യകരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഇത്തരത്തില്‍ പരസ്പരസഹവര്‍ത്തിത്തത്തോടെ ചെടികള്‍, മത്സ്യം, ബാക്ടീരിയ, വിരകള്‍ എന്നിവ തമ്മിലുള്ള ബന്ധം എല്ലാ ജീവഘടകങ്ങളുടെയും നിലനില്പിന് അനുയോജ്യമായ അന്തരീക്ഷം നല്‍കുന്നു.

 

മത്സ്യം

ഏതൊരു അക്വാപോണിക് സിസ്റ്റവും ആരംഭിക്കുന്നത് മത്സ്യത്തില്‍ നിന്നാണ്. ശുദ്ധജലമത്സ്യമാകണമെന്നു മാത്രം. മത്സ്യം വളര്‍ത്തുന്നത് ആഹാരത്തിനുവേണ്ടിയാണോ അതോ അലങ്കാരത്തിനു വേണ്ടിയോ എന്ന് കൃഷി തുടങ്ങുന്നതിനുമുമ്പ് തന്നെ തീരുമാനിക്കണം. കഴിക്കുന്നതിനുള്ള മത്സ്യം വളര്‍ത്തുവാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ തിലാപ്പിയ മത്സ്യമാണ് അക്വാപോണിക്സില്‍ സാധാരണയായി ഉപയോഗിക്കുന്നത്. രുചികരവും എളുപ്പം വളരുന്നതും, ഓക്സിജന്‍ കുറഞ്ഞ ജലത്തിലും പ്രതികൂലആവാസവ്യവസ്ഥയിലും അധിവസിക്കുന്നതിനുള്ള കഴിവുള്ളതുമായമത്സ്യമാണ് തിലാപ്പിയ.

 

സാധാരണയായി 3 മുതല്‍ 4 സെ.മീറ്റര്‍ വരെ വലിപ്പമുള്ള തിലാപ്പിയ കുഞ്ഞുങ്ങളെ (എശിഴലൃഹശിഴ) കൃഷിയ്ക്കായി വാങ്ങാവുന്നതാണ്. ഈ കുഞ്ഞുങ്ങള്‍ 9–12 മാസങ്ങള്‍കൊണ്ട് 700 ഗ്രാം വരെ വലിപ്പത്തില്‍ എത്തുന്നു. കാളാഞ്ചി, ട്രൌട്ട്്, കൂരി, കാരി, മുഷി, കലവ, തുടങ്ങിയ ധാരാളം മത്സ്യങ്ങളെ ഈ നൂതന കൃഷിരീതിയില്‍ വളര്‍ത്താം. പ്രസ്തുത ആവാസവ്യവസ്ഥയുമായി യോജിച്ചു പോകുമോ എന്ന് പ്രത്യേകം ശ്രദ്ധിക്കണമെന്നുമാത്രം.

 

സസ്യങ്ങള്‍

അക്വാപോണിക് സിസ്റ്റത്തില്‍ അമ്ളം ഇഷ്ടപ്പെടുന്നസസ്യങ്ങള്‍ (ഉദാ: ബ്ളൂ ബെറി ബുഷ്) ഒഴികെയുള്ളവ വളര്‍ത്താവുന്നതാണ്. വേര് നിലനില്‍ക്കുന്ന മേഖലയില്‍ ആഹാരം, ജലം, ഓക്സിജന്‍ എന്നിവ ധാരാളം ലഭ്യമാകുന്നതിനാല്‍ ചെടികള്‍ അടുപ്പിച്ചടുപ്പിച്ച് മണ്ണില്‍ നടാം. വളര്‍ച്ചയെത്തിയ സസ്യങ്ങള്‍ മൂലമുണ്ടാകുന്ന പ്രകാശത്തിന്റെ ലഭ്യതയുടെ തടസ്സം മാത്രമേ പരിഗണിക്കേണ്ടതായുള്ളൂ. അതിനാല്‍ നടുന്നതിനുമുമ്പായി ഓരോ സസ്യത്തിന്റെയും പൂര്‍ണ്ണമായ വളര്‍ച്ചയും അടുത്തായി നടുന്ന സസ്യത്തിന് ലഭ്യമാകേണ്ട സൂര്യപ്രകാശത്തെയും കുറിച്ച് നല്ല രീതിയില്‍ പദ്ധതി തയ്യാറാക്കേണ്ടതാണ്.

 

ഉപകാരിയായ ബാക്ടീരീയ

ഒരു അക്വാപോണിക് സിസ്റ്റത്തിലെ “യന്ത്രം’’ ആണ് സൂക്ഷ്മജീവികള്‍. അമോണിയയെ നൈട്രേറ്റ് ആക്കിമാറ്റുന്ന നൈട്രിഫയിംഗ് ബാക്ടീരിയകള്‍ ഇല്ലാതെ വന്നാല്‍ അമോണിയ വിഷലിപ്തമായി മത്സ്യം വേഗം ചത്തുപോവുകയും സസ്യങ്ങള്‍ക്ക് പോഷണം ലഭ്യമാകാതെ വരികയും ചെയ്യും. നൈട്രോസോമോണാസ് ബാക്ടീരിയ വിഷമയമായ അമോണിയയെ നൈട്രെെറ്റായും നൈട്രോസ്പൈറ ബാക്ടീരിയ നൈട്രൈറ്റിനെ നൈട്രേറ്റായും വിഘടിപ്പിക്കുന്നു. ബാക്ടീരിയകള്‍ ക്രമാതീതമായി വര്‍ദ്ധിച്ച് ഈ സംവിധാനത്തിന്റെ ഉപരിതലത്തില്‍ കോളനികളായി രൂപം കൊള്ളുകയും അവ ശുദ്ധജലവുമായി സമ്പര്‍ക്കത്തില്‍ വരികയും ചെയ്യുന്നു.

 

മണ്ണിരകള്‍

കുറച്ചു മാസങ്ങള്‍ക്കുശേഷം ചുവന്ന കമ്പോസ്റ്റിംഗ് വിരകളെ അക്വാപോണിക് സംവിധാനത്തിലെ മാധ്യമത്തില്‍ നിക്ഷേപിക്കുക. മണ്ണിരകള്‍ മത്സ്യത്തിന്റെ ഖരമാലിന്യങ്ങളെ വെര്‍മികമ്പോസ്റ്റാക്കി വിഘടിപ്പിക്കും. ഈ കമ്പോസ്റ്റ് സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് വളരെ ഉപയോഗപ്രദമാണ്.

 

പ്രകാശം

അക്വാപോണിക്സ് സിസ്റ്റത്തില്‍ മത്സ്യത്തിനും ബാക്ടീരിയയ്ക്കും സൂര്യപ്രകാശവുമായി നേരിട്ട് ഒരു ബന്ധവുമില്ല. ഈ സിസ്റ്റത്തില്‍ ബാക്ടീരിയ നന്നായി വളരുന്നത് ഗ്രോബെഡിന്റെ ഇരുളില്‍ ആണ്. സസ്യങ്ങള്‍ക്ക് നിലനില്‍ക്കണമെങ്കില്‍ ആവശ്യാനുസരണം പ്രകാശം ലഭ്യമാകണം. ഗ്രീന്‍ഹൌസ്, ഇന്‍ഡോര്‍ കൃഷിയാണെങ്കില്‍ കൃഷിയിടങ്ങളില്‍ ആധുനിക രീതിയിലുള്ള ഗ്രോലൈറ്റ് കൂടി സജ്ജമാക്കുവാന്‍ സാധിക്കും.

 

മത്സ്യക്കുളം

മത്സ്യക്കുളത്തിന്റെ വലിപ്പം അക്വാപോണിക് സിസ്റ്റത്തിന്റെ വലിപ്പത്തിന് ആനുപാതികമായിരിക്കണം. ചെറിയ അക്വേറിയം ഉപയോഗിച്ചുള്ള ഡെസ്ക്ടോപ്പ് സിസ്റ്റം ആണെങ്കില്‍ അക്വേറിയം മത്സ്യങ്ങള്‍ മാത്രമേ നിക്ഷേപിക്കുവാന്‍ സാധിക്കുകയുള്ളൂ. ഭക്ഷ്യയോഗ്യമായ മത്സ്യങ്ങള്‍ ആണ് വളര്‍ത്തുവാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ടാങ്കിന്റെ ബലം, ഗുണമേന്മ എന്നിവ ശ്രദ്ധിക്കേണ്ടതാണ്. ടാങ്കിന് ഒന്നര അടി എങ്കിലും ആഴം ഉണ്ടായിരിക്കണം. ഏകദേശം 200 ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്നതായാല്‍മാത്രമേ വിപണനയോഗ്യമായ വലിപ്പത്തില്‍ മത്സ്യം വളര്‍ത്താന്‍ സാധിക്കുകയുള്ളൂ.

 

ഗ്രോബെഡ് (സസ്യങ്ങള്‍ വളര്‍ത്തുന്നതിന്)

ഗ്രോബെഡിന്റെ വിസ്തൃതിയും മത്സ്യക്കുളത്തിന്റെ വലുപ്പവും 1:1 എന്ന അനുപാതത്തി ലാകണം. അതായത് മത്സ്യക്കുളത്തിന്റെ വ്യാപ്തം ഗ്രോബെഡ്ഡിന്റെ വ്യാപ്തത്തിന് ഏകദേശം തുല്യമാകണം. തന്മൂലം ഭൂരിഭാഗം സസ്യങ്ങളും ബാക്ടീരിയകളും പരസ്പരം വളര്‍ച്ചയെ സ്വാധീനിക്കുകയും സിസ്റ്റത്തില്‍ വികസിക്കുകയും ചെയ്യുന്നു.

 

മാധ്യമം

അക്വാപോണിക് സിസ്റ്റത്തില്‍ മാധ്യമം ജൈവപരമായി നിര്‍ജ്ജീവമോ അല്ലെങ്കില്‍ വിഘടിച്ചുപോകാത്തതോ ആകാം. ഈ മാധ്യമം സിസ്റ്റത്തില്‍ മത്സ്യത്തിന്റെവിസര്‍ജ്ജ്യങ്ങള്‍ നല്ല അരിപ്പ പോലെ വേര്‍തിരിച്ച് ഏറ്റവും വൃത്തിയുള്ളതാക്കി തീര്‍ക്കുന്നു. ചെറിയ ഉരുളന്‍കല്ലുകളോ വികസിച്ച കളിമണ്ണ് കൊണ്ട് നിര്‍മ്മിച്ച ഉരുളന്‍ കല്ലുകളോ (ഹൈഡ്രോടോണ്‍) ഉപയോഗിക്കാം.

 

പ്ളംമ്പിംഗ്

ഗ്രോബെഡ്ഡില്‍ ജലം കെട്ടി നിര്‍ത്തുന്നത് ചെടികള്‍ക്കും ബാക്ടീരിയകള്‍ക്കും പോഷകം ലഭ്യമാക്കാന്‍ സഹായിക്കുന്നു. ഗ്രോബെഡ്ഡിലെ ജലം ഒഴുക്കി കളയുന്നതിലൂടെ ജലത്തിലും സസ്യങ്ങളുടെ വേരിനും ബാക്ടീരീയകള്‍ക്കും ഓക്സിജന്‍ ലഭ്യമാക്കുന്നു. ഇപ്രകാരം ചെടികള്‍ വെച്ചു പിടിപ്പിച്ചിരിക്കുന്ന

 

ബെഡ്ഡില്‍ തുടര്‍ച്ചയായി വെള്ളം കെട്ടിനിര്‍ത്തുന്ന പ്രക്രിയയെ ഫ്ളഡ്ഡ് & ഡ്രയിന്‍ അല്ലെങ്കില്‍ എബ്ബ് & ഫ്ളോ സിസ്റ്റം എന്നുപറയുന്നു. എല്ലാ അക്വാപോണിക് സിസ്റ്റത്തിലും ഈ പ്രക്രിയയാണ് ഉപയോഗിക്കുന്നത്. ഇതിനായി വിദ്യുച്ഛക്തി ഇടതടവില്ലാതെ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്ന പ്ളംബിംഗ് സംവിധാനം അത്യന്താപേക്ഷിതമാണ്.

 

അക്വാപോണിക് സിസ്റ്റത്തില്‍ നൈട്രിഫയിംഗ് ബാക്ടീരിയ ഉണ്ടാകാതെ വന്നാല്‍ അമോണിയയുടെ അളവ് വര്‍ദ്ധിക്കുകയും ചെടികള്‍, മത്സ്യങ്ങള്‍, ബാക്ടീരിയ മുതലായവ നശിച്ചുപോകും. ചംക്രമണപ്രക്രിയ ആരംഭിക്കുന്നതിനു മുമ്പുതന്നെ പ്രകൃത്യാലുണ്ടാകുന്ന നൈട്രോസോമോണാസ് ബാക്ടീരിയെ ആകര്‍ഷിക്കുന്നതിനുവേണ്ടി അമോണിയ കടത്തി വിടുന്നു. രണ്ടാഴ്ചകള്‍ക്കുശേഷം നൈട്രെെറ്റ് രൂപം കൊള്ളുകയും നൈട്രോബാക്റ്റര്‍ ബാക്ടീരിയയെ ആകര്‍ഷിക്കുകയും ചെയ്യുന്നു. ഈ ബാക്ടീരിയ നൈട്രൈറ്റിനെ നൈട്രേറ്റായിമാറ്റി സസ്യങ്ങള്‍ക്ക് ആഹാരവും മത്സ്യങ്ങള്‍ക്ക് ആരോഗ്യകരമായ അന്തരീക്ഷവും പ്രദാനം ചെയ്യുന്നു. തന്മൂലം ജലം ശുദ്ധീകരിക്കപ്പെടുന്നു. 30 ദിവസത്തെ ചംക്രമണം കഴിയുന്നതോടെ സിസ്റ്റത്തിലെ അമോണിയയുടെ അളവ് വളരെയധികം താഴ്ന്നതായി കാണാം. തുടര്‍ന്ന് ടാങ്കില്‍ മത്സ്യവും ഗ്രോബെഡ്ഡില്‍ ചെടികളും നിക്ഷേപിക്കാം.

 

ടാങ്കിലെ ജലം ദിവസവും ചംക്രമണത്തിന്റെ ആരംഭത്തില്‍ തന്നെ പരിശോധിച്ച് pH ആറിനും എട്ടിനും ഇടയില്‍ ആണോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. അമോണിയയോ നൈട്രൈറ്റോ വളരെയധികം ഉയര്‍ന്നാല്‍ (6ppm), കുറച്ചുദിവസത്തേയ്ക്കു മത്സ്യത്തിന് ഭക്ഷണംകൊടുക്കാതിരിക്കുകയും ടാങ്കിലെ വെള്ളത്തിന്റെ മൂന്നിലൊന്ന് മാറ്റി പുതിയ ക്ളോറിന്‍ വിമുക്തമായജലം നിറയ്ക്കാവുന്നതുമാണ്.

 

മികച്ചരീതിയിലുള്ള പരിപാലനമുറകള്‍ അവലംബിച്ച് ഗുണനിലവാരമുള്ള തീറ്റനല്‍കി അക്വാപോണിക്സ് സംവിധാനത്തില്‍ ലാഭകരമായി മത്സ്യവും പച്ചക്കറികളും ഉത്പാദിപ്പിക്കുവാന്‍ സാധിക്കും. 500 ലിറ്റര്‍ കപ്പാസിറ്റിയുള്ള ഒരു അക്വാപോണിക്സ് സംവിധാനം 8000 രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുവാന്‍ കഴിയും

 

Bethel fish farm and Aquaponics solutions Karimkunnam, Thodupuza

hit counter
Home    |   Products and Services    |   Contact Us    |   Notice Board    |   Referral Network    |   
Bethel Fish Farm | Ocat Marketing Report | Ocat® Promote in India | Powered by Adsin Technologies